Thursday, December 16, 2010

കല്യാണകച്ചേരി -- SPECIAL EDITION

നമ്മള്ക്ക് ഒരു പ്രശ്നമുണ്ട്, ചിലകാര്യങ്ങള് തെറ്റെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചെയ്യും പക്ഷേ രഹസ്യമായിട്ടാണെന്ന് മാത്രം, സ്വയം ചെയ്യുന്നവരാണെങ്കിലും ഈകാര്യങ്ങള് പരസ്യമായി ചെയ്യുന്നവരെ സമൂഹം വളരെ അവജ്ഞയോടെയേ നോക്കുകയുള്ളൂ. ഇതിന് അപവാദമായിട്ടുള്ള ഒരുകാര്യമാണ് ഇന്ന് സമൂഹത്തില് ശക്തമായി നിലനില്ക്കുന്ന സ്ത്രീധനം കോടുക്കുകയും വാങ്ങുകയും ചെയ്യുന്ന ഇടപാട്. എത്രയോ നിയമങ്ങള് ഇതിനെതിരായിട്ടുണ്ടെങ്കിലും സമൂഹത്തിന്റെ അറിവും സമ്മതവും ഇന്നും ഇതിനുണ്ട് കൂടാതെ മതമേലാളന്മാരുടെ ആശിര്വാദവും. ഇതിനെതിരെ ബോധവല്കരണവും പ്രക്ഷോഭവും തുടങ്ങിയിട്ട് കാലങ്ങള് ഏറെയായെങ്കിലും ദിനംപ്രതി ഈ കച്ചവടം ശക്തമായികൊണ്ടിരിക്കുകയാണ്.

എവിടെയാണ് നമുക്ക് പിഴക്കുന്നത്, സ്കൂളിലുംകോളേജിലും പഠിക്കുന്ന സമയത്ത് സ്ത്രീധനത്തിനെതിരെ പ്രതിജ്ഞയെടുത്തവര് പോലും സ്വന്തം കാര്യം വരുമ്പോള് രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്നു. പലരുടെയും കാര്യമെടുത്താല് അമ്മയുടെ സമ്മര്ദ്ദം ആണ് ഈ മാറ്റത്തിന് കാരണം എന്ന് മനസിലാക്കാം, പെങ്ങമ്മാരെ കല്യാണം കഴിപ്പിച്ചയച്ച പ്പോള് നേരിട്ട വിഷമവും ബാദ്യതയും മൂലം സ്ത്രീധനം വാങ്ങിമാത്രമേ ഞാന് കല്യാണം കഴിക്കൂ എന്ന് തീരുമാനിച്ചവരും ഉണ്ട്. വെറുതെകിട്ടിയാല് വിസര്ജ്യം വരെ വിഴുങ്ങാന് തയ്യാറുള്ള പുരുഷന്മാരും, സ്വന്തം സുഖത്തിനും താല്പര്യത്തിനും വേണ്ടി പണമായും സ്വര്ണമായും മാതാപിതാക്കളെ പിഴിഞ്ഞു വാങ്ങുന്ന സ്ത്രീകളും കുറവല്ല.
ഈ പറഞ്ഞ വിവിധ സാഹചര്യങ്ങമളിലെല്ലാം decision maker ആയി വില്ലന്റെ വേഷത്തില് അവതരിക്കുന്ന ഒന്നാണ് status. വധുവിന്റെ സ്വര്ണത്തിന്റെ തൂക്കത്തിനനുസരിച്ച് സമൂഹത്തില് അന്തസ്സും അഭിമാനവും ഉയരുമെന്ന ചിന്ത. ആഭരണമില്ലെങ്കില് സമൂഹം ഒരു വിലയും കല്പ്പിക്കുകയില്ലെന്നും പരിഹാസത്തിനു പാത്രമാവേണ്ടി വരുമെന്നും വിചാരിക്കുന്നു. പെങ്ങള്ക്ക് കൊടുത്ത പൊന്നിന്റെ ഇരട്ടി കൊണ്ടുവന്നാലെ വരന്റെ വീട്ടില് പരിഗണന ഉണ്ടാവൂ. പലയിടത്തും പെണ്ണ്കാണലിന് ഡിമാന്റ് ചോദിച്ചാല് അമ്മായിഅമ്മ പറയുന്ന കാര്യമിതാണ് " ഒരു ഡിമാന്റുമില്ല, ഇവന്റെ പെങ്ങള്ക്ക് ഇത്ര കൊടുത്തു അല്ലെങ്കില് മൂത്തയാള്ടെ വിവാഹത്തിന് ഇത്ര കിട്ടി " ഇത്രമാത്രം പറഞ്ഞാല് മതി കാര്യം നടക്കാന്. ഇതുപോരഞ്ഞ് അളന്നുമുറിച്ച് കാര്യങ്ങള് പറഞ്ഞുതീരുമാനിക്കുന്ന സംഭവങ്ങളും വളരെ അധികമാണ്. എന്തിന് അധികം പറയുന്നു, നാട്ടില് ബ്രോക്കര്ക്ക് കമ്മീഷന് വരെ കിട്ടുന്നതിന്റെ ശതമാനകണക്ക് അനുസരിച്ചാണ്.താലികെട്ടിന് മുന്പ് മാന്ന്യന്മാര് ചേര്ന്ന് ആഭരണത്തിന്റെ തൂക്കമെടുക്കുന്നതുപോലും സ്വാഭാവിക സംഭവം പോലെ നടക്കുന്നു, അത് അടുത്തുതന്നെ ഒരു ആചാരമായി മായി മാറിയേക്കാം.
സ്വന്തം ദാരിദ്രവും കുടുംബത്തിന്റെ അവസ്ഥയും പരിഗണിച്ച് സ്ത്രീധനം വാങ്ങിക്കുന്നവരും, സ്ത്രീധനം കൊണ്ട് ഓട്ടോരിക്ഷവാങ്ങി ജീവിക്കുകയോ ഗള്ഫില്പോയി പണമുണ്ടാക്കാമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. ഒരു നല്ല സദുദ്ദേശ്യത്തിന്റെ പേരിലാണെങ്കിലും അവര് ചെയ്യുന്നതും എതിര്ക്കപ്പെടേണ്ട കാര്യമാണ്. പകരം വിവാഹശേഷം രണ്ട് കുടുംബങ്ങള് തമ്മിലുള്ള ബന്ധം കൂടുതല് ശക്തമാക്കി പരസ്പര സഹായിക്കാനും സഹകരിക്കനും ഉള്ള മനോഭാവം വളര്ത്തിയെടുക്കേണ്ടതാണ്.

നമുക്ക് എന്ത് ചെയ്യാന് കഴിയും....
1 സ്ത്രീധനമില്ലാതെയുള്ള വിവാഹങ്ങളും ലളിതമായ വിവാഹങ്ങളും പ്രോത്സാഹിപ്പിക്കുക. പൊതുവേദി ഉണ്ടാക്കി ഇങ്ങനെയുള്ള വധൂവരന്മാരെയും വീട്ടുകാരെയും അഭിനന്ദിക്കുന്നതും നല്ലതാണ്.
2 സ്ത്രീധനരഹിതമായ വിവാഹങ്ങളില് മാത്രമേ പങ്കെടുക്കൂ എന്ന് തീരുമാനിക്കുക.
3 വിവാഹ ക്ഷണപത്രത്തില് സ്ത്രീധനമായി ഒന്നും വാങ്ങുന്നോ കൊടുക്കുന്നോ ഇല്ലാ എന്ന് വീട്ടുകാര് രേഖപ്പെടുത്തുക.
4 ഇനി യുവാക്കള്ക്കേ എന്തെങ്കിലും ചെയ്യാന് പറ്റൂഎന്ന് മനസിലാക്കി പ്രാദേശികതലത്തില് കൂട്ടായി പ്രവര്ത്തിക്കുക. ഇങ്ങനെയുള്ള കൂട്ടായ്മക്ക് മുകളില് പറഞ്ഞ തീരുമാനമെടുക്കാന് ബുദ്ദിമുട്ടുണ്ടാവില്ല.
5 മത-രാഷ്ട്രീയ സംഘടനകളും അവരുടെ അഗങ്ങള്ക്ക് സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുതെന്ന് ശക്തമായ നിര്ദേശം കൊടുക്കുക.
6 കല്ല്യാണത്തിന് സ്വര്ണം അണിയുന്നത് നിരോധിക്കുക(സ്വര്ണ്ണാഭരണങ്ങള് പൂര്ണമായി നിരോധിക്കാന് പറ്റിയാല് അത്രയും നല്ലത്). കല്ല്യാണചിലവുകള് പരിമിതപ്പെടുത്തുകയും പരസ്യപ്പെടുത്തുകയും ചെയ്യുക.
7 ആര്ഭാടത്തിനു പകരം കല്ല്യാണം ലളിതമാക്കാന് വേണ്ടിയാവട്ടെ ഇനിയുള്ള മത്സരം.
8 കല്ല്യാണത്തിന് പ്രാധേശികമായി നിയമങ്ങളും ചട്ടങ്ങളും നിര്ദ്ദേശങ്ങളും ഉണ്ടാക്കുക.

ആളുകള്ക്ക് പ്രത്യേകിച്ച് സ്ത്രീകള്ക്ക് സ്വര്ണ്ണത്തോടുള്ള ഭ്രമമാണ് ആണ് ആദ്ദ്യം മാറേണ്ടത്. സ്വന്തം ശരീരത്തന് ആഭരണമില്ലെങ്കില് ഒരു ഭംഗിയും ഇല്ലെന്നും ഒരുത്തനും ശ്രധിക്കുകയില്ലെന്നും ആണ് സ്ത്രീകളുടെ വിചാരം. കല്ല്യാണം കഴിഞ്ഞാല്പോലും ഭര്ത്താവ് മാത്രം നോക്കിയാല്പോരാ നാട്ടുകാര് മുഴുവനും ശ്രദ്ദിക്കണം എന്നതാണ് ഭൂരിഭാഗം സ്ത്രീകളുടെയും ആഗ്രഹം. പെണ്ണുങ്ങളുടെ ഇടയിലാവുമ്പോള് സ്വര്ണം സ്റ്റാറ്റസ്സിന്റെ പ്രധീകമാണ് പരദൂഷണത്തിനുള്ള ആയുധമാണ്.

സമൂഹത്തില് ഇത്രയും വ്യാപകമായ ഈ അധാര്മിക ഇടപാടിന്ചുക്കാന് പിടിക്കുന്ന സ്ത്രീകള് ഒരു കാര്യം മനസിലാക്കിയാല് നല്ലത്, ഇങ്ങനെ കല്ല്യാണകച്ചവടം നടത്തുമ്പോള് നിങ്ങളുടെ മൂല്ല്യം കാലിചന്തയിലെ കാളകള്ക്ക് സമമാണ്.
തന്റെ കല്യാണത്തിന് വേണ്ടി അച്ചനും സഹോദരങ്ങളും എത്രത്തോളം കഷ്ടപ്പെടുന്നു എന്ന് ഒരുപെണ്ണും വിചാരിക്കുന്നില്ല. വരന് ഈ വിഷമങ്ങള് മനസിലാവുന്നത് സ്വന്തം സഹോദരിയുടെ വിവാഹത്തിനോ അല്ലെങ്കില് കാലങ്ങള്ക്ക് ശേഷം മകളെ കെട്ടിച്ചയക്കുമ്പോളോ ആണ്. സ്വര്ണം വാങ്ങാന് തന്റെ സമ്പാദ്യമായ വീടും പറമ്പും വില്ക്കുകയും പലിശക്ക് പണം വാങ്ങുകയും ചെയ്യുന്നവരുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഇതിന്റെ കടങ്ങള് വീട്ടാന് സ്വന്തം ആയുസ്സിന്റെ ഒരുഭാഗമാണ് അവര് ചിലവിടുന്നത്. കടംപേറിയും അപമാനം സഹിക്കവയ്യാതെയും ജീവിതം അവസാനിപ്പിക്കുന്ന അഛ്ചന്മാര് ഒരുപാടുണ്ട്, മാനസിക നമ്മര്ദ്ദം മൂലം അകാലത്തില് പൊലിയുന്ന ജീവനുകള് വേറെയും.

പുരാണങ്ങളിലും മറ്റ് കഥകളിലും വിശേഷിപ്പിക്കുന്ന യക്ഷികള് എത്രയോ ഭേധമാണ് അവര് ആളുകളെ ഇത്രയും പീഡിപ്പിക്കാറില്ല, സ്വര്ണ്ണത്തിന്റെ പേരില് ഇന്ന് സ്വന്തം അച്ചനെ/സഹോദരനെ/ഭര്ത്താവിനെ ഇഞ്ചിജായി കൊല്ലാകൊല ചെയ്യുകയല്ലേ ഇന്നത്തെ സ്ത്രീകള് ?
കല്യാണത്തിന് സ്വന്തം അച്ചന്റെയും സഹോദരന്റെയും ചോരയും നീരുംമാണ് താന് ആര്ഭാടത്തിനായി അണിഞ്ഞിരിക്കതെന്ന് വധൂവരന്മാര് ഒരുനിമിഷം ചിന്തിച്ചിരുന്നെങ്കില്.....
മുന്കൂര് ജാമ്മ്യം: എന്റെ പ്രിയ്യ സഹോദരിമാരെ ഞാന് ഇവിടെ പറഞ്ഞതിനെ നിങ്ങള്ക്കെതിരെയുള്ള കുറ്റപത്രമായി കാണരുത്, അറിഞ്ഞോ ആറിയാതെയോ നിങ്ങളുടെ പ്രവൃത്തിയുടെ പരിണിതഫലം വിവരിച്ചു എന്ന് മാത്രം. ഇനി നിങ്ങള്ക്കേ ഇക്കാര്യത്തില് കാര്യമായി എന്തെങ്ക്ങ്കിലും ചെയ്യാന് കഴിയൂ. എന്റെ എല്ലാവിധഭാവുകങ്ങളും നേരുന്നു.

Monday, February 25, 2008

About Me

Name Suresh Babu